മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്കുന്ന 25 കോടി തൊഴിലാളികളെ സല്യൂട്ട് ചെയ്യുന്നു: രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്കുന്ന 25 കോടി തൊഴിലാളികളെ സല്യൂട്ട് ചെയ്യുന്നു: രാഹുല്‍ ഗാന്ധി

രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്കി ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്ന 25 കോടി തൊഴിലാളികളെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ ഭീതിതമായ അവസ്ഥയിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മുതലാളി സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് ന്യായം ചമക്കുകയാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. ഇന്ന് അര്‍ധരാത്രി വരെ പണിമുടക്ക് തുടരും. തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണുണ്ടാക്കിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ബസ് സര്‍വീസുകള്‍ നടക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്

 

Share this story