കോൺഗ്രസിന് തിരിച്ചടി; പ്രക്ഷോഭം തീരുമാനിക്കാൻ വിളിച്ച യോഗത്തിൽ കെജ്രിവാളും മായാവതിയും മമതയുമെത്തിയില്ല

കോൺഗ്രസിന് തിരിച്ചടി; പ്രക്ഷോഭം തീരുമാനിക്കാൻ വിളിച്ച യോഗത്തിൽ കെജ്രിവാളും മായാവതിയും മമതയുമെത്തിയില്ല

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരായ നടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച കോൺഗ്രസിന് തിരിച്ചടി. യോഗവുമായി സഹകരിക്കാനില്ലെന്ന് ബി എസ് പി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടികൾ തീരുമാനിച്ചു. പൗരത്വ നിയമഭേദഗതിയുടെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിന് തിരിച്ചടിയാണ് പ്രതിപക്ഷ നിരയിലെ വിള്ളൽ

യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബി എസ് പിയും ആം ആദ്മിയും ഇതിന് പിന്നാലെ പങ്കെടുക്കേണ്ടതില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു.

പാർലമെന്റ് അനക്‌സിൽ ഇന്നുച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. ശിവസേന അടക്കമുള്ള കക്ഷികളും യോഗത്തിൽ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ ആത്മാർഥമായി പ്രതിഷേധിക്കുന്നത് കോൺഗ്രസ് മാത്രമാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശവും പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമായെന്ന് കരുതുന്നു.

Share this story