പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; ഹർജികളുടെ എണ്ണത്തിൽ റെക്കോർഡ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; ഹർജികളുടെ എണ്ണത്തിൽ റെക്കോർഡ്

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് 133 ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

ഒരു കേസുമായി ബന്ധപ്പെട്ട് ഇത്രയുമധികം ഹർജികൾ സുപ്രീം കോടതിയുടെ മുന്നിലെത്തുന്നത് ഇതാദ്യമാണ്. പാർലമെന്റ് ബിൽ പാസാക്കിയതിന് പിന്നാലെ മുസ്ലീം ലീഗാണ് കോടതിയെ ആദ്യം സമീപിച്ചത്. ലീഗിന് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരാകുന്നത്.

നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കാനിടയില്ല. സ്യൂട്ട് ഹർജിയായതിനാൽ ഇത് പ്രത്യേകം പരിഗണിക്കും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രത്തിന് വേണ്ടി എ ജി കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരാകും

Share this story