എംഎൽഎയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയിൽ പൊട്ടിത്തെറി; തദ്ദേശ സ്ഥാപനങ്ങളിൽ കൂട്ടരാജി

എംഎൽഎയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയിൽ പൊട്ടിത്തെറി; തദ്ദേശ സ്ഥാപനങ്ങളിൽ കൂട്ടരാജി

ഗുജറാത്തിലെ സാവ്ളി മണ്ഡലം എം.എൽ.എ കേതൻ ഇനാംദാർ രാജിവെച്ചതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികൾ രാജിവെച്ചു. നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളാണ് രാജിവെച്ചത്.സാവ്ളി മുനിസിപ്പൽ അധ്യക്ഷൻ കെ എച്ച് സേഥ്, ഉപാധ്യക്ഷൻ ഖ്യാതി പട്ടേൽ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമർപ്പിച്ചു.

വഡോദര ഡെയറി അധ്യക്ഷനും മുൻ എംഎൽഎയുമായ പാദ്ര ദിനേശ് പട്ടേൽ, കാർഷികോൽപ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാർട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമർപ്പിച്ചു. എംഎൽഎയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചർച്ചകൾ തുടങ്ങി. കേതൻ ഇനാംദാറിനെ കോൺഗ്രസ് ക്ഷണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. പറഞ്ഞുതീർക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണുള്ളതെന്നും കോൺഗ്രസ് ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ബിജെപിയുമായി ഇടഞ്ഞ് സ്വതന്ത്രനായി വിജയിച്ച നേതാവാണ് കേതൻ. ഊർജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്‌നമാണ് ഇപ്പോഴത്തെ രാജിക്ക് കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മന്ത്രിമാരും ഉദ്യോഗസ്ഥരും തൻറെ മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറഞ്ഞാണ് കേതൻ ഇനാംദാർ രാജിവെച്ചത്. 2018ലും ചില ബിജെപി എംഎൽഎമാരുടെ പിന്തുണയോടെ കേതൻ കലാപക്കൊടി ഉയർത്തിയിരുന്നു.

എംഎൽഎമാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേൽ എന്നിവർ കേതന് പിന്തുണ നൽകിയിരുന്നു. കേതൻ രാജിവച്ചെങ്കിലും അന്ന് കൂടെയുണ്ടായിരുന്ന എംഎൽഎമാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Share this story