ഡല്‍ഹി പുകയുന്നു; സംഘര്‍ഷത്തിന് അയവില്ല, ഇരുമ്പുവടിയും ആയുധങ്ങളുമേന്തി അക്രമികള്‍

ഡല്‍ഹി പുകയുന്നു; സംഘര്‍ഷത്തിന് അയവില്ല, ഇരുമ്പുവടിയും ആയുധങ്ങളുമേന്തി അക്രമികള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ക്ക് തീയിടുന്നു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലയാണിത് ഗോകുല്‍പുരിയിലേക്ക് ദേശീയപതാകയുമേന്തി എത്തിയ ആളുകള്‍ കടകള്‍ക്ക് തീയിടുകയായിരുന്നു.

 

തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍ നിലയുറപ്പിച്ചു. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. നൂറിലധികംപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി.

 

വ്യപക കല്ലേറുണ്ടായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

 

ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു.

യോഗം വിജയകരമായിരുന്നെന്നും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ എല്ലാ പാര്‍ട്ടികളും നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

 

കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകര്‍മസേനയെയും അയക്കാനാണ് തീരുമാനം.നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

 

അതേസമയം മുസ്തഫാബാദില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിടുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

ഗോകുല്‍പുരിക്കടുത്ത് നീത്നഗറില്‍ അക്രമികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങള്‍. കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, യമുനാ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

അക്രമം നടന്ന സ്ഥലങ്ങളില്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this story