ഡൽഹി കലാപം: മരണസംഖ്യ 43 ആയി; പ്രിയപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും ഭയപ്പെട്ട് ഡൽഹി നിവാസികൾ

ഡൽഹി കലാപം: മരണസംഖ്യ 43 ആയി; പ്രിയപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും ഭയപ്പെട്ട് ഡൽഹി നിവാസികൾ

ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. ജിടിബി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി നേരത്തെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇരുന്നൂറിലേറെ പേർക്കാണ് കലാപത്തിനിടെ പരുക്കേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ജാഫ്രാബാദിൽ നടന്ന പൗരത്വ പ്രതിഷേധ സമരത്തെ ആക്രമിക്കാൻ സംഘ്പരിവാർ ഗുണ്ടകൾ വന്നതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഇത് പിന്നീട് ഗുജറാത്തിലേതിന് സമാനമായ വംശീയ കലാപമായി മാറുകയായിരുന്നു. മറുവശത്തു നിന്നും ചിലർ ആക്രമണം തുടങ്ങിയതോടെ രാജ്യതലസ്ഥാനത്ത് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു

കേന്ദ്രസേനയെ വിന്യസിച്ചതിന് പിന്നാലെ ഡൽഹി ശാന്തമായ അവസ്ഥയിലേക്ക് തിരിച്ചെത്തുകയാണ്. എന്നാലും പ്രദേശവാസികളുടെ ഭീതിക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നതും ചടങ്ങുകൾ നടത്തുന്നതും വീണ്ടും സംഘർഷത്തിന് ഇടയാക്കുമോയെന്ന ഭീതിയിലാണ് ജനങ്ങൾ.

വീട്ടുകാർ ഇഷ്തിയാഖിന്റെ മൃതദേഹത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ പല ബന്ധുക്കൾക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനോട് എതിർപ്പാണ്. വീട്ടിലുള്ള മറ്റുള്ളവർക്ക് നേരെയും അതിക്രമം ഉണ്ടാകുമോയെന്ന ഭീതിയാണ് അവർക്ക്. കൊല്ലപ്പെട്ട ഇഷ്തിയാഖിന്റെ സഹോദരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞ വാക്കുകളാണിത്.

ജ്യേഷ്ഠൻ ദീപകിന് വേണ്ടി ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല. കലാപകാരികൾ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ദീപകിന്റെ ആത്മാവിന് ശാന്തി ലഭിച്ചാൽ മതിയെന്നേയുള്ളു. കലാപത്തിൽ മരിച്ച ദീപകിന്റെ സഹോദരൻ സഞ്ജയുടെ പ്രതികരണം ഇങ്ങനെ. ഇതേപോലെ നിരവധി പേരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നത്.

Share this story