ഡൽഹി കലാപം; ലോക്സഭയിൽ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്‌

ഡൽഹി കലാപം; ലോക്സഭയിൽ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്‌

ലോക്‌സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി കയ്യാങ്കളി. പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവരെ പിടിച്ച് തള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്‌സഭയിലെ ബി.ജെ.പി വനിതാ എം.പിമാര്‍ തടഞ്ഞു. ബി.ജെ.പി എം.പി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

ലോക്‌സസഭയിലാകട്ടെ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് കയ്യാങ്കളിയായത്.

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു. ലോക്‌സഭയില്‍ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ മുന്ന് മണിക്ക് ശേഷം

സഭക്ക് അകത്തും പുറത്തും ഡല്‍ഹി കലാപത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വെവ്വേറെ പ്രതിഷേധ ധര്‍ണ്ണ നടത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

കലാപം അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സ്പീക്കര്‍ക്ക് കത്തുനല്കി. മൃദുനിലപാടെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി തള്ളി. ഡല്‍ഹിയില്‍ സ്ഥിതി സാധാരണനിലയിലായശേഷം ചര്‍ച്ചയാവാമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം തള്ളിക്കളഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

Share this story