ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ബിജെപിയിൽ ചേരും

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ബിജെപിയിൽ ചേരും

എഐസിസി ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് കോൺഗ്രസിലെ കരുത്തനായ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായിട്ടാണ് രാജി. ഇന്ന് തന്നെ അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തേക്കും. പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനത്തേക്കും സിന്ധ്യ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ രാജിക്കത്ത് സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. ഇന്നലെ രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായാണ് സൂചന. ഇതിന് മുമ്പായി തനിക്കൊപ്പമുള്ള പതിനെട്ട് എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലെത്തിച്ചിരുന്നു. മൂന്ന് ചാർട്ടേഡ് വിമാനങ്ങളിലായാണ് ഇവരെ ബംഗളൂരുവിലെത്തിച്ചത്.

വിമതസ്വരം പരസ്യമാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുമായി കോൺഗ്രസ് നേതൃത്വം അനുനയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. സിന്ധ്യക്ക് പനിയായതിനാൽ കാണാൻ സാധിച്ചില്ലെന്നാണ് മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞത്. എന്നാൽ ചർച്ചക്ക് തനിക്ക് താത്പര്യമില്ലെന്ന് സിന്ധ്യ വ്യക്തമാക്കുകയായിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് അടിയന്തര യോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചർച്ച നടത്തി.

Share this story