പുലർച്ചെ മൂന്നര വരെ കോടതിയിൽ വാദപ്രതിവാദങ്ങൾ; ഒടുവിൽ തൂക്കുമരണം, മരണം ഉറപ്പിക്കാൻ മൃതദേഹങ്ങൾ അരമണിക്കൂർ നേരം തൂക്കുകയറിൽ

പുലർച്ചെ മൂന്നര വരെ കോടതിയിൽ വാദപ്രതിവാദങ്ങൾ; ഒടുവിൽ തൂക്കുമരണം, മരണം ഉറപ്പിക്കാൻ മൃതദേഹങ്ങൾ അരമണിക്കൂർ നേരം തൂക്കുകയറിൽ

ചരിത്രത്തിലിന്ന് വരെ കാണാത്ത നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തീഹാർ ജയിലിൽ നടപ്പാക്കിയത്. അർധരാത്രിയിൽ ഡൽഹി ഹൈക്കോടതിയിലും പിന്നീട് പുലർച്ചെ മൂന്നര വരെ സുപ്രീം കോടതിയിലും വധശിക്ഷ തടയണമെന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവെച്ചേക്കുമെന്ന ആശങ്കയും ഇടയ്ക്ക് ഉടലെടുത്തു. എന്നാൽ എല്ലാ ആശങ്കകളും മാറ്റിവെച്ച് കൃത്യസമയത്ത് തന്നെ നാല് പ്രതികളെയും തൂക്കിലേറ്റുകയായിരുന്നു

വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എ പി സിംഗാണ് ഡൽഹി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും അവസാന നിമിഷം വരെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി അവസാന നിയമതടസ്സവും എടുത്തു മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ജയിൽ അധികൃതകർ യോഗം ചേരുകയും ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ആരാച്ചാർ പവൻ ജല്ലാദും യോഗത്തിൽ പങ്കെടുത്തു.

സുപ്രീം കോടതി ഹർജി തള്ളുകയാണെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും പ്രതികളെ ജയിൽ അധികൃതർ അറിയിച്ചു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന് അഭിഭാഷകൻ എ പി സിംഗ് ആവശ്യപ്പെട്ടു. ജയിൽ അധികൃതർക്ക് ഇതിൽ തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി നിലപാട്. എന്നാൽ ഇനി അവസരം നൽകാനാകില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി

പുലർച്ച 4.45ന് പ്രതികളെ അവസാന വട്ട പരിശോധനകൾക്ക് വിധേയമാക്കി. പത്ത് മിനിറ്റ് നേരം പ്രാർഥനക്കായി നൽകി. അക്ഷയ് താക്കൂറിന്റെ കുടുംബം ഇയാളെ കാണാനായി ജയിലിൽ എത്തിയെങ്കിലും അനുവദിച്ചില്ല. അഞ്ച് മണിയോടെ കൗണ്ട് ഡൗൺ ആരംഭിച്ചു. നാല് പ്രതികളെയും തൂക്കുമുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് കറുത്ത തുണി കൊണ്ട് കണ്ണുകൾ മൂടി

5.29ന് പ്രതികളെ മരണവാറണ്ട് വായിച്ചു കേൾപ്പിച്ചു. കൃത്യം 5.30ന് വധശിക്ഷ നടപ്പാക്കി. 5.31ന് വിവരം ജയിൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ ജയിലിന് മുന്നിൽ ആഹ്ലാദാരവങ്ങൾ ഉയർന്നു. മരണം ഉറപ്പിക്കാനായി നാല് മൃതദേഹങ്ങളും അര മണിക്കൂർ നേരം തൂക്കുകയറിൽ കിടന്നു. രാവിലെ ആറ് മണിയോടെ മൃതദേഹങ്ങൾ കയറിൽ നിന്ന് അഴിച്ചുമാറ്റി. തുടർന്ന് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

Share this story