എൻപിആർ, സെൻസസ് നടപടികൾ അനിശ്ചിത കാലത്തേക്ക് നീട്ടി

എൻപിആർ, സെൻസസ് നടപടികൾ അനിശ്ചിത കാലത്തേക്ക് നീട്ടി

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അനിശ്ചിതകാലത്തേക്ക് നീട്ടി. ആദ്യദിനത്തിൽ ഡൽഹിയിൽ നിർദേശം ലംഘിച്ച ആയിരം പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിൽ പാൻ നിരോധിച്ചു.

ഏപ്രിൽ ഒന്ന് മുതൽ തുടങ്ങാനിരുന്ന ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികളാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചത്. ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടികളോട് സഹകരിക്കില്ലെന്ന് കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ എൻപിആർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിയൊന്ന് ദിവസത്തെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യ ദിവസത്തെ ലോക് ഡൗൺ പൂർണമാണ്.

Share this story