രാമയണം പരമ്പര കണ്ട കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വിവാദത്തിൽ കുടുങ്ങി

രാമയണം പരമ്പര കണ്ട കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വിവാദത്തിൽ കുടുങ്ങി

ലോക്ക് ഡൗൺ കാലത്ത് ജനം ദുരിതക്കയത്തിൽ മുങ്ങുമ്പോൾ വീട്ടിലിരുന്നു രാമയണം പരമ്പര കണ്ട കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വിവാദത്തിൽ കുടുങ്ങി. മന്ത്രി തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അദ്ദേഹത്തിന് വിനയായത്. ഞാൻ രാമയണം കാണുകയാണ് നിങ്ങളോ? എന്ന ചോദ്യത്തോടെയായിരുന്നു വസതിയിലിരുന്ന് ടെലിവിഷനിൽ രാമായണ പരമ്പര കാണുന്ന ചിത്രം ജാവദേക്കർ ട്വീറ്റ് ചെയ്തത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുൻകാല ജനകീയ പരമ്പരകളായ രാമയണവും മഹാഭാരതവും ദുരദർശൻ ശനിയാഴ്ട മുതൽ പുനഃസംപ്രേക്ഷണം ചെയ്തു തുടങ്ങിയിരുന്നു.

എന്നാൽ, ജനങ്ങൾ ഭക്ഷണം കിട്ടാതെ വലഞ്ഞും നാടും വീടും വിട്ട് ദൂരദേശങ്ങളിലേക്ക് ജീവനും കൈയിൽപിടിച്ച് കിലോമീറ്ററുകളോളം നടക്കുമ്പോൾ ഒരു കേന്ദ്ര മന്ത്രി വീട്ടിലിരുന്നു രാമയണം കണ്ടു സന്തോഷിക്കുകയാണോ എന്ന ചോദ്യങ്ങളായിരുന്നു ജാവദേക്കറിന് നേരിടേണ്ടി വന്നത്. വിമർശനം ശക്തമായപ്പോൾ രാമയണം കാണുന്ന ചിത്രം നീക്കി പകരം വീട്ടിലിരുന്നു ജോലി ചെയ്യുന്ന ചിത്രം കേന്ദ്രമന്ത്രി പോസ്റ്റ് ചെയ്തു. വീട് ഓഫിസായി മാറിയെന്നും ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ തന്റെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വീട്ടിലിരുന്ന് ഏകോപിപ്പിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പുതിയ വിശദീകരണം.

ഭക്ഷണവും വെള്ളവും കിട്ടാതെ രാജ്യത്തെ നിരവധി മനുഷ്യരാണ് ദുരിതത്തിൽപ്പെട്ടിരിക്കുന്നത്. അവശ്യവസ്തുക്കൾ ലഭിക്കാതെയും മനുഷ്യർ നട്ടം തിരിയുന്നു. ഈയൊരു സാഹചര്യത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം നടപടികളാണോ വരേണ്ടതെന്നാണ് ട്വിറ്ററിൽ ഉയർന്ന വിമർശനം.

ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ? എന്ന മന്ത്രിയുടെ ചോദ്യത്തിന്, ഞാൻ ഭക്ഷണം കഴിക്കാതെ ഉറങ്ങുകയാണ്, നിങ്ങളോ എന്നുള്ള മറുചോദ്യം മന്ത്രിക്കെതിരേ ഉയർന്ന പൊതു വികാരത്തിന്റെ തെളിവായിരുന്നു. പിഞ്ചു കുട്ടികളുമായി കിലോമീറ്ററുകളോളം നടന്നു നീങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങളിലൂടെയും ചിലർ മന്ത്രിക്ക് മറുപടി കൊടുത്തിരുന്നു.

Share this story