ഒരു ആസൂത്രണം പോലും നടത്തിയിട്ടില്ല, പാവപ്പെട്ടവരെ കുറിച്ച് മോദിക്ക് യാതൊരു ആശങ്കയുമില്ല; നോർത്തിന്ത്യയിലെ കൂട്ടപ്പലായനത്തിൽ യെച്ചൂരി

ഒരു ആസൂത്രണം പോലും നടത്തിയിട്ടില്ല, പാവപ്പെട്ടവരെ കുറിച്ച് മോദിക്ക് യാതൊരു ആശങ്കയുമില്ല; നോർത്തിന്ത്യയിലെ കൂട്ടപ്പലായനത്തിൽ യെച്ചൂരി

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത് കൂട്ടപ്പലായനമാണ്. ജോലിക്കായി ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതമാർഗം മുട്ടിയ അവസ്ഥയിലായി. സ്വന്തം നാട്ടിലേക്ക് തിരികെയെത്താൻ വാഹനങ്ങൾ പോലുമില്ലാത്ത സ്ഥിതിയായതോടെ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് താണ്ടുകയാണ് ആയിരക്കണക്കിന് ജനങ്ങൾ.

അതിഥി സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. രാജ്യത്തെ പാവപ്പെട്ടവരെ കുറിച്ച് മോദിക്ക് യാതൊരു ആശങ്കയുമില്ല. ഇത് മോദിയുടെ മൂക്കിന് കീഴിലുള്ള രാജ്യതലസ്ഥാനത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രം ഒരു ആസൂത്രണമോ തയ്യാറെടുപ്പോ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട് ഈ ചിത്രങ്ങൾ എന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് യുപിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യാനൊരുങ്ങുന്ന ജനങ്ങളുടെ ചിത്രമടക്കമാണ് യെച്ചൂരിയുടെ ട്വീറ്റ്

ദരിദ്രരെയും ദുർബലരെയും കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ല. ഒരു മാനുഷിക ദുരന്തത്തെ വൈദ്യശാസ്ത്രത്തിലേക്ക് മോദി ചേർക്കുകയാണെന്നും യെച്ചൂരി വിമർശിച്ചു. രാഹുൽ ഗാന്ധിയും വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് രംഗത്തുവന്നിരുന്നു. സ്വന്തം പൗരൻമാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നാണ് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്.

Share this story