സംസ്ഥാനം ഏപ്രിൽ ആദ്യത്തോടെ കൊവിഡ് മുക്തമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി

സംസ്ഥാനം ഏപ്രിൽ ആദ്യത്തോടെ കൊവിഡ് മുക്തമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന ഏപ്രിൽ ആദ്യവാരത്തോടെ കൊവിഡ് 19ൽ നിന്ന് പൂർണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം ചന്ദ്രശേഖര റാവു പങ്കുവച്ചത്.

70 പേർക്കാണ് കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇവരിൽ അസുഖം മാറിയ 11 പേർ ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകളുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാൽ സംസ്ഥാനം കൊറോണമുക്തമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കാൽ ലക്ഷത്തിൽ അധികം പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഇവരിലാരും രോഗ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. ഏപ്രിൽ ആദ്യ വാരത്തോട് കൂടി നിരീക്ഷണത്തിലിരിക്കുന്നവരുടെ എല്ലാം നിരീക്ഷണ സമയം പൂർത്തിയാകുമെന്നും അദ്ദേഹം പറയുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പെടെയുള്ളവരാണ് ഇപ്പോൾ ക്വാറന്റയിനിലുള്ളത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരും നിരീക്ഷണത്തിലുണ്ട്. ഇപ്പോൾ 58 പേരാണ് ചികിത്സയിലുള്ളത്.

രോഗബാധ മൂലം മരിച്ച എഴുപത്താറുകാരന് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഏപ്രിൽ ഏഴോടെ ചികിത്സയിൽ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നും ചന്ദ്രശേഖര റാവു. ഇപ്പോൾ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് താമസഭക്ഷണ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

Share this story