കൊവിഡ് ബാധിതരുമായി സമ്പർക്കം; രാജ്യ തലസ്ഥാനത്ത് 108 ആശുപത്രി ജീവനക്കാർ ക്വാറന്റയിനിൽ

കൊവിഡ് ബാധിതരുമായി സമ്പർക്കം; രാജ്യ തലസ്ഥാനത്ത് 108 ആശുപത്രി ജീവനക്കാർ ക്വാറന്റയിനിൽ

രാജ്യ തലസ്ഥാനത്ത് 108 ആശുപത്രി സ്റ്റാഫിനെ ക്വാറന്റയിൻ ചെയ്തു. ഡൽഹി ശ്രീ ഗംഗാ റാം ആശുപത്രിയിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 85 പേർ വീടുകളിലാണ് ക്വാറന്റയിനിലാക്കിയിരിക്കുന്നത്. 23 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

ഇതിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്നു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണിത്. രണ്ട് കൊവിഡ് രോഗികളുമായാണ് ഡോക്ടർമാരടക്കമുള്ള 108 പേർ സമ്പർക്കത്തിലായത്. ഈ രോഗികൾക്ക് രണ്ടാമത്തെ കൊവിഡ് പരിശോധന ഫലത്തിൽ രോഗബാധ സ്ഥിരീകരിച്ചു.

ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച നഴ്സ് രോഗമുക്തയായത്.

അതേസമയം കൊറോണ വൈറസ് ബാധിതനായിരുന്ന ആൾ സദ്യ നടത്തിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഒരു ഗ്രാമം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങായാണ് ഇയാൾ സദ്യ നടത്തിയത്. റിപ്പോർട്ട് പ്രകാരം മൊറേന എന്ന ഗ്രാമമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആയിരത്തിഅഞ്ഞൂറിൽ അധികം പേരാണ് ദുബായിൽ നിന്ന് തിരിച്ചെത്തിയ സുരേഷ് എന്ന യുവാവ് മൊറേന ഗ്രാമത്തിൽ നടത്തിയ സദ്യയിൽ പങ്കെടുത്തത്. സുരേഷ് കഴിഞ്ഞ മാസം 17ന് ഗ്രാമത്തിൽ തിരിച്ചെത്തി. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയത് 20ാം തിയതി ആയിരുന്നു. ശേഷമാണ് ഇയാൾക്കും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.

Share this story