രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം; അസമിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം; അസമിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 30 പേർ മരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. 12 മണിക്കൂറിനിടെ 540 പേർക്ക് കൂടിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ സമൂഹവ്യാപന ഭീതി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പങ്കുവെച്ചതിന് പിന്നാലെയാണ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നത്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയർന്നു. 6412 പേർക്കാണ് രോഗം പിടിപെട്ടത്. ബിഹാറിൽ ഒരു കുടുംബത്തിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം ഒമാനിൽ നിന്നെത്തിയിരുന്നു.

അസമിൽ കൊവിഡ് ബാധിച്ച് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. സിൽച്ചാരിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതാദ്യമായാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്രമന്ത്രിതല സമിതിയുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ഇതിന് പിന്നാലെ നാളെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നടക്കും. ശനിയാഴ്ച വൈകുന്നേരത്തോടെ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

Share this story