ഇന്ത്യയിൽ നിന്ന് 30 ലക്ഷം പാരസെറ്റമോൾ; നന്ദി അറിയിച്ച് ബ്രിട്ടൺ

ഇന്ത്യയിൽ നിന്ന് 30 ലക്ഷം പാരസെറ്റമോൾ; നന്ദി അറിയിച്ച് ബ്രിട്ടൺ

ഇന്ത്യ നൽകുന്ന പാരസെറ്റമോളുകൾക്ക് നന്ദി അറിയിച്ച് ബ്രിട്ടൺ. ഇന്ത്യയിൽ നിന്ന് 30 ലക്ഷം പാരസെറ്റാമോളുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തുമെന്നാണ് വിവരം. നിരോധനമേർപ്പെടുത്തിയ ശേഷം കയറ്റുമതിക്ക് അനുമതി നൽകിയതിന് ബ്രിട്ടൺ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

കൊവിഡിനെതിരെ ഇന്ത്യയും ബ്രിട്ടണും ഒന്നിച്ച് പോരാടും. ലോകം മുഴുവൻ പ്രതിസന്ധി നേരിടുമ്പോൾ രണ്ട് രാജ്യങ്ങളും സഹകരിച്ച് മുൻപോട്ട് പോകുന്നതിന് തെളിവാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായം രേഖപ്പെടുത്തി. കയറ്റുമതി ഏർപ്പെടുത്തിയതിന് ഇന്ത്യൻ സർക്കാരിനോട് അദ്ദേഹം രാജ്യത്തിന് വേണ്ടി നന്ദി അറിയിച്ചു. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വേണ്ടി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

അതിനായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയവുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അഹമ്മദ് വ്യക്തമാക്കി. 21,000ൽ അധികം ബ്രിട്ടീഷ് പൗരന്മാർ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.19 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. ആരോഗ്യം പരിശോധിച്ചതിന് ശേഷം വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ ബ്രിട്ടനിൽ എത്തിയ ശേഷവും പരിശോധിക്കും.

നേരത്തെ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റുമതി ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മഹാൻ എന്ന് വിശേഷിപ്പിച്ചിരുന്നു. മലേരിയയ്ക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് കൊവിഡ് രോഗികളിലും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മരുന്ന് കയറ്റുമതി ചെയ്തതിന് ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ ലക്ഷ്മണന് സഞ്ജീവനി കൊണ്ടുവന്ന ഹനുമാനായും ഇന്ത്യയെ ഉപമിച്ചു.

Share this story