രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി; കൊവിഡ് പ്രതിരോധത്തില്‍ രാജ്യം വിജയിക്കുകയാണെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി; കൊവിഡ് പ്രതിരോധത്തില്‍ രാജ്യം വിജയിക്കുകയാണെന്ന് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. മെയ് 3 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

 

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ജയിക്കുകയാണെന്ന് മോദി പറഞ്ഞു. ഒരു പരിധി വരെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അറിയാം. യാത്രക്കും ഭക്ഷണത്തിനുമെല്ലാം പലരും ബുദ്ധിമുട്ടുന്നുണ്ട്. ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

 

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന് കാരണമായത് നിങ്ങള്‍ ഓരോരുത്തരുമാണ്. പോരാട്ടം ശക്തമായി തുടരും. കൊവിഡ് പോരാട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും സൈനികരാണ്. വലിയ രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യ കൊവിഡിനെ പ്രതിരോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അംബേദ്കറുടെ ജന്മദിനത്തിൽ നമ്മുടെ സാമൂഹിക ശക്തിയുടെ ഈ കാഴ്ച അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ ഇന്ന് പുതുവർഷാഘോഷമാണ്. എന്നിട്ടും ജനങ്ങൾ നിർദേശം പാലിച്ച് വീടിനകത്ത് വളരെ ലളിതമായി ആഘോഷിക്കുന്നുവെന്നും മോദി പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് ബാധയുണ്ടാകുന്നതിന് മുൻപ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോൾ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌൺ ഇന്ത്യയിൽ നടത്തി. മുൻപ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളിൽ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this story