മുംബൈയിൽ കുടിയേറ്റ തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് ഇളക്കിവിട്ട ഒരാൾ അറസ്റ്റിൽ

മുംബൈയിൽ കുടിയേറ്റ തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് ഇളക്കിവിട്ട ഒരാൾ അറസ്റ്റിൽ

മുംബൈ ബാന്ദ്ര സ്റ്റേഷൻ പരിസരത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊഴിലാളികളെ ഇളക്കിവിട്ട ആളെയാണ് പോലീസ് പിടികൂടിയത്. തൊഴിലാളി നേതാവെന്ന് സ്വയം അവകാശപ്പെടുന്ന വിനയ് ദുബെ എന്നയാളാണ് പിടിയിലായത്.

തൊഴിലാളികളെ ഇളക്കിവിടുന്നതിന് സോഷ്യൽ മീഡിയ വഴി പ്രചാരണങ്ങൾ നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നവി മുംബൈയിൽ വെച്ചാണ് ഇന്നലെ രാത്രി ഇയാളെ പിടികൂടിയത്.

മുംബൈയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വീട്ടിലേക്ക് പോകാമെന്ന് ഇയാൾ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രചാരണം.

കുടിയേറ്റ തൊഴിലാളികൾക്ക് നാടുകളിലേക്ക് മടങ്ങാൻ ട്രെയിൻ സൗകര്യം ഒരുക്കണം. ഇവിടെ തുടർന്നാൽ കൊറോണ കൊണ്ടല്ല, വിശപ്പ് കൊണ്ട് അവർ മരിക്കും. വണ്ടി സൗകര്യം ഒരുക്കുന്നില്ലെങ്കിൽ കാൽനടയായി നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് സൗകര്യമൊരുക്കണമെന്നും ഇയാൾ വീഡിയോ വഴി പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് തൊഴിലാളികൾ ബാന്ദ്ര സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയത്.

Share this story