കർണാടകയിൽ 38 പേർക്ക് കൂടി കൊവിഡ് ബാധ; 36 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

കർണാടകയിൽ 38 പേർക്ക് കൂടി കൊവിഡ് ബാധ; 36 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 38 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 36 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്

നഞ്ചൻകോടിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലും രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകത്തിൽ ഇതുവരെ 353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം തീവ്രബാധിത മേഖലയായ കൽബുർഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് നടന്ന രഥോത്സവത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായാണ് രഥോത്സവം നടന്നത്. ക്ഷേത്രം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ് കൽബുർഗി. ഇതിന് പിന്നാലെ രണ്ട് മരണങ്ങൾ കൂടി ഇവിടെ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബഫർ സോണിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറമുള്ള ക്ഷേത്രത്തിലെ പരിപാടിയിലാണ് ആളുകൾ തടിച്ചുൂകൂടിയത്.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങളൊക്കെ കാറ്റിൽ പറത്തിയായിരുന്നു ഉത്സാവാഘോഷം. ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. നിലവിൽ കൽബുർഗിയിൽ 20 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്

Share this story