പ്രവാസികളെ തിരികെ എത്തിക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ നടപടി; ഇടപെടാനില്ലെന്ന് സുപ്രിം കോടതി

പ്രവാസികളെ തിരികെ എത്തിക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ നടപടി; ഇടപെടാനില്ലെന്ന് സുപ്രിം കോടതി

വിദേശങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ഇപ്പോൾ തിരികെയെത്തിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി. അമേരിക്ക, ഇറാൻ, യൂറോപ്യൻ യൂണിയനിലെ മോൾഡോവ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിമാന സർവീസുകൾ തുടങ്ങാൻ സാഹചര്യമൊരുങ്ങുമ്പോൾ അവരെ തിരികെയെത്തിക്കും.

തങ്ങൾ ആവശ്യപ്പെട്ടാലും ഇപ്പോൾ കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമാണെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വിമാനമിറക്കാനും ചികിത്സ സൗകര്യമൊരുക്കാനും കേരളം തയാറാണെന്ന വാദം കോടതി തള്ളി. അതേസമയം, ഇറാനിൽ കുടുങ്ങിയ ആയിരം മൽസ്യതൊഴിലാളികൾക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ എംബസിയെ അറിയിക്കാനും നടപടിയെടുക്കാനും കേന്ദ്രത്തിന് കോടതി നിർദേശം നൽകി.

 

നേരത്തെ, വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രവാസികൾ തിരിച്ചെത്തുന്നത് കണക്കാക്കി എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയെന്ന് സംസ്ഥാന സർക്കാരും സത്യവാങ്മൂലം നൽകണം. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ആവശ്യം.

 

മാനുഷിക പരിഗണന വച്ച് ചികിത്സാ ആവശ്യങ്ങൾക്കെങ്കിലും പ്രവാസികളെ നാട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്. മുൻഗണനാ ക്രമം നിശ്ചയിച്ച് രാജ്യത്തേക്ക് വരാൻ അനുവദിച്ചാൽ മതിയെന്നും കെഎംസി സി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിച്ച സംസ്ഥാനത്തിന് അതിന്‍റെ ആനുകൂല്യം നൽകണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു.

 

പ്രവാസികളെ ഇപ്പോള്‍ തിരിച്ചെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ എംബസികളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ സഹായവും ടെലിഫോണ്‍ വഴിയുള്ള സേവനങ്ങളും നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സഹായം നൽകി എന്ന് വാക്കാൽ പറഞ്ഞതു കൊണ്ടായില്ലെന്നും അത് സത്യവാങ്മൂലമായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രവാസികൾ തിരിച്ചെത്തുന്നത് കണക്കാക്കി എന്തൊക്കെ ഒരുക്കങ്ങൾ നടത്തുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Share this story