മേയ് മൂന്നിന് ശേഷം രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ

മേയ് മൂന്നിന് ശേഷം രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ

രാജ്യത്ത് മേയ് 3 വരെ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ ലോക്ക് ഡൗൺ നീട്ടി നൽകണമെന്ന് ആറ് സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ഒഡീഷ, ഡൽഹി സംസ്ഥാനങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.

മേയ് 16 വരെ ലോക്ക് ഡൗൺ നീട്ടുമെന്ന് നേരത്തെ ഡൽഹി സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് അഞ്ച് സംസ്ഥാനങ്ങൾ കൂടി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്.

ലോക്ക് ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചൽപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം താരതമ്യേന കൊവിഡ് കേസുകൾ കുറഞ്ഞുവരുന്ന കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ചർച്ചക്ക് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ്

മഹാരാഷ്ട്രയിൽ മുംബൈ, പൂനെ നഗരങ്ങളിൽ മേയ് 18 വരെ ലോക്ക് ഡൗൺ കർശനമായി തുടരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. വേണ്ടി വന്നാൽ ലോക്ക് ഡൗൺ 15 ദിവസം കൂടി നീട്ടാൻ സംസ്ഥാനം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബംഗാൾ, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളും ലോക്ക് ഡൗൺ തുടരാനാണ് സാധ്യത. ബംഗാളിൽ ഹൗറ, കൊൽക്കത്ത, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലീ, ഈസ്റ്റ് മിഡ്‌നാപൂർ, തുടങ്ങിയ നഗരങ്ങൾ അടച്ചിടും. പഞ്ചാബിലും ചില നഗരങ്ങൾ മാത്രമാകും അടച്ചിടുക

Share this story