രാജ്യത്ത് കൊവിഡ് രോഗികൾ 27892 ആയി; ഒരു ദിവസത്തിനിടെ 48 പേർ കൂടി മരിച്ചു

രാജ്യത്ത് കൊവിഡ് രോഗികൾ 27892 ആയി; ഒരു ദിവസത്തിനിടെ 48 പേർ കൂടി മരിച്ചു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 28,000ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1396 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 48 പേർ ഒരു ദിവസത്തിനിടെ മരിച്ചു. തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 27892 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

892 പേർ ഇതിനോടകം മരിച്ചു. 6195 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8068 ആയി. 24 മണിക്കൂറിനിടെ 440 പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 19 പേർ മരിച്ചു. ആകെ മരണസംഖ്യ 342 ആയി

1188 പേർക്ക് മഹാരാഷ്ട്രയിൽ രോഗം ഭേദമായി. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ, പൂനെ നഗരങ്ങളിൽ ലോക്ക് ഡൗൺ മെയ് 18 വരെ നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു

ഗുജറാത്തിൽ ഇന്നലെ 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3301 ആയി. മരണസംഖ്യ 151 ആയി. ഡൽഹിയിൽ ആകെ കേസുകൾ 2918 ആയി ഉയർന്നു. തെലങ്കാനയിൽ 1001 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Share this story