പ്രവാസികളെ മടക്കിയെത്തിക്കാൻ നേവി കപ്പലുകൾ പുറപ്പെട്ടു; ആദ്യ വിമാനം വ്യാഴാഴ്ച കൊച്ചിയിലേക്ക്

പ്രവാസികളെ മടക്കിയെത്തിക്കാൻ നേവി കപ്പലുകൾ പുറപ്പെട്ടു; ആദ്യ വിമാനം വ്യാഴാഴ്ച കൊച്ചിയിലേക്ക്

വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കും ദുബൈയിലേക്കുമാണ് കപ്പൽ പുറപ്പെട്ടത്. മാലിദ്വീപിലേക്ക് രണ്ട് കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചത്

ഐഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകളാണ് മാലിദ്വീപിലേക്ക് പോയത്. ഐഎൻഎസ് ഷാർദുൽ ആണ് ദുബൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഐഎൻഎസ് ജലാശ്വ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ കപ്പലാണ്. മറ്റ് രണ്ടെണ്ണം ദക്ഷിണ നാവികസേനയുടെയും

കപ്പലുകൾ രണ്ട് ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്ന് നാവികസേന അറിയിച്ചു. സാമൂഹിക അകലം അടക്കം പാലിച്ചാകും ആളുകളെ തിരികെ എത്തിക്കുക. യുഎഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങളും വരിക കേരളത്തിലേക്കാണ്.

രണ്ട് ലക്ഷത്തോളം പേർക്ക് ക്വാറന്റൈൻ സൗകര്യം കേരളം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ആദ്യ സംഘത്തെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. അബൂദാബയിൽ നിന്ന് കൊച്ചിയിലേക്കാണ് വ്യാഴാഴ്ച ആദ്യ വിമാനം വരിക. രണ്ടാമത്തെ വിമാനം ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് എത്തും. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഗൾഫ് നാടുകളിൽ നിന്നുണ്ടാകും.

Share this story