വഴിയരികിലും വീടുകളിലും ബോധരഹിതരായി ജനങ്ങൾ; വിശാഖപട്ടണത്ത് നിന്ന് കരൾ പിടയുന്ന കാഴ്ച

വിശാഖപട്ടണത്ത് കെമിക്കൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് എട്ട് പേർ മരിച്ചു. ആയിരത്തോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആർ ആർ വെങ്കടപുരം വില്ലേജിൽ ഗോപാലപട്ടത്തിനരികെ വേപഗുണ്ടയിലെ എൽ ജി പോളിമേഴ്‌സ് ഫാക്ടറിയിൽ നിന്നാണ് വിഷവാതകം ചോർന്നത്.

പുലർച്ചെ മൂന്നരക്കും നാലിനും ഇടയിലുള്ള സമയത്താണ് വിഷവാതക ചോർച്ചയുണ്ടായത്. കണ്ണെരിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ ബോധരഹിതരാകാൻ തുടങ്ങി. കുട്ടികളും പ്രായമേറിയവരുമാണ് കൂടുതൽ അസ്വസ്ഥതകൾ കാണിച്ചത്.

 

വഴിയരികിലും വീടുകളിലും റോഡുകളിലും ഓവുചാലുകളിലുമടക്കം ആളുകൾ ബോധരഹിതരായി വീണുകിടക്കുന്ന കാഴ്ച കരൾ പിളർക്കുന്നതായിരുന്നു. ബോധരഹിതരായ കുട്ടികളുമായി അമ്മമാർ നിലവിളിച്ചു കൊണ്ട് ഓടുന്നതും ഹൃദയഭേദകമായ കാഴ്ചയായി. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ബോധം കെട്ട് വീണ് ഗുരുതരമായി പരുക്കേറ്റവരും നിരവധിയാണ്.

 

നിരവധി വളർത്തുമൃഗങ്ങളും വിഷവാതകം ശ്വസിച്ച് ചത്തുവീണു. നേരം പുലർന്നതോടെയാണ് രക്ഷപ്രവർത്തനത്തിന് വേഗമേറിയത്. 9 മണിയോടെ ആശുപത്രികളിലായി ആയിരത്തിലധികം പേരെ പ്രവേശിപ്പിച്ചു. എട്ട് പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം.

രാവിലെ പത്ത് മണിയോടെ ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാമങ്ങൾ പൂർണമായും ഒഴിപ്പിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share this story