എംഫാൻ ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലുമായി 14 ലക്ഷം പേരെ ഒഴിപ്പിച്ചു, അതിശക്തമായ മഴയും കാറ്റും

എംഫാൻ ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലുമായി 14 ലക്ഷം പേരെ ഒഴിപ്പിച്ചു, അതിശക്തമായ മഴയും കാറ്റും

എംഫാൻ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കരയിൽ 185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ നിന്നായി ലക്ഷങ്ങളെയാണ് അധികൃതർ ഒഴിപ്പിക്കുന്നത്

കൊവിഡ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കെ തന്നെ ചുഴലിക്കാറ്റിനെയും നേരിടേണ്ട പ്രതിസന്ധിയാണ് ബംഗാളിനും ഒഡീഷക്കുമുള്ളത്. ബംഗാളിലെ തീരമേഖലകളിൽ നിന്നായി മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഒഡീഷ 11 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. സംസ്ഥാനത്തെ നാല് ജില്ലകളിൽ കാറ്റ് കനത്ത വിനാശം വിതയ്ക്കുമെന്നാണ് വിലയിരുത്തൽ

ഒഡീഷയിലെ ജഗത്സിംഗ്പൂർ, കേന്ദ്രാപാഡ, ഭദ്രക്, ജാജ്പു, ബാലസോർ ജില്ലകളിൽ കനത്ത മഴയും കാറ്റും ഉയർന്ന തിരമാലകളുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആഘാതം നേരിടാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസാരിച്ചു

ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമായി നിൽക്കുകയാണ്. തീരരക്ഷാസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് തയ്യാറാണ്.

Share this story