പശ്ചിമേന്ത്യയിൽ വെട്ടുകിളി ശല്യം രൂക്ഷം; തുടർന്നാൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

പശ്ചിമേന്ത്യയിൽ വെട്ടുകിളി ശല്യം രൂക്ഷം; തുടർന്നാൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

പശ്ചിമേന്ത്യയിൽ രൂക്ഷമായ വെട്ടുകിളി ശല്യം. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വെട്ടുകിളി ശല്യം ഉള്ളത്. ഇതിൽ തന്നെ രാജസ്ഥാനിൽ സ്ഥിതി അതീവഗുരുതരമാണെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. ഇവിടെ 18 ജില്ലകളിലെയും ഉത്തര്‍ പ്രദേശിലെ 17 ജില്ലകളിലെയും കൃഷി നശിച്ചു.

കൊറോണ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഒരു രാജ്യത്തിന് ഇപ്പോൾ ഇതും കൂടി താങ്ങാനുള്ള ശേഷി ഉണ്ടാവില്ലെന്നും പരിസ്ഥിതി മന്ത്രാലയം പറയുന്നു. വിളകൾ മുച്ചൂടും നശിപ്പിക്കുന്ന വെട്ടുകിളി ശല്യം തുടർന്നാൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഏപ്രിൽ 11നാണ് ഇന്ത്യയിൽ വെട്ടുകിളി ശല്യം തുടങ്ങുന്നത്. ഫെബ്രുവരിയിൽ പാകിസ്താനിൽ വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയിൽ ശല്യം തുടങ്ങിയത്. നിലവിൽ പടിഞ്ഞാറേ ഇന്ത്യയിലാണ് ഇവ ഉള്ളതെങ്കിലും ഏറെ വൈകാതെ ഡൽഹിയിലും വെട്ടുകിളി ശല്യം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണയിലും ഉയരത്തിലാണ് ഇപ്പോൾ വെട്ടുകിളികൾ പറക്കുന്നതെന്നും അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കുക ശ്രമകരമാണെന്നും കൃഷി മന്ത്രാലയം പറയുന്നു.

ഇന്ത്യയിൽ 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു സംഘത്തിൽ മാത്രം 80 മില്ല്യണോളം വെട്ടുകിളികൾ വരെ ഉണ്ടാവാറുണ്ട്. കാറ്റിനനുസരിച്ച് ഏറെ ദൂരം സഞ്ചരിക്കാൻ ഇവക്ക് സാധിക്കും. വഴിയിൽ കാണുന്ന പച്ചപ്പുകളൊക്കെ ഭക്ഷിച്ചാണ് ഇവ യാത്ര ചെയ്യുന്നത്. ബൈബിൾ കാലം മുതൽ ഇവയെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 23 രാജ്യങ്ങളെയാണ് വെട്ടുകിളി ശല്യം ബാധിച്ചിരിക്കുന്നത്. ഇത് 70 വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണെന്ന് ലോകബാങ്ക് പറയുന്നു.

Share this story