ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിൽ വിസ്‌കി കുപ്പിയും ടച്ചിംഗ്‌സും; പിഴവ് പറ്റിയതെന്ന് വിശദീകരണം

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിൽ വിസ്‌കി കുപ്പിയും ടച്ചിംഗ്‌സും; പിഴവ് പറ്റിയതെന്ന് വിശദീകരണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിസ്‌കി കുപ്പിയുടെയും ഗ്ലാസിന്റെയും ടച്ചിംഗ്‌സിന്റെയും ഫോട്ടോ. ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചിമബംഗാളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ട് കുപ്പി മദ്യത്തിന്റെയും നിറച്ചുവെച്ച ഗ്ലാസിന്റെയും ഭക്ഷണ സാധനങ്ങളുടെയും ചിത്രം പ്രത്യക്ഷപ്പെട്ടത്.

ദേശീയ ദുരന്തപ്രതികരണ സേന ബംഗാളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് മദ്യക്കുപ്പിയുടെതായിട്ടുള്ളത്. ചിത്രം പോസ്റ്റ് ചെയ്ത് 15 നിമിഷ നേരം ഇത് ലൈവായി തന്നെ നിന്നു. ഇതിന് ശേഷമാണ് അബദ്ധം മനസ്സിലാക്കി ഇത് നീക്കം ചെയ്തത്.

പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച പിഴവാണിതെന്ന് പിന്നീട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ ഫേസ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും ഒന്നിച്ച് കൈകാര്യം ചെയ്തപ്പോഴുണ്ടായതാണ് പിഴവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. തെറ്റുവരുത്തിയ ജീവനക്കാരൻ രേഖാമൂലം ക്ഷമ ചോദിച്ചതായും മന്ത്രാലയം അറിയിച്ചു

Share this story