തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; മൃതദേഹം പുറത്തെടുത്തു

തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; മൃതദേഹം പുറത്തെടുത്തു

തെലങ്കാനയിലെ മേഡക് ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. 122 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്. ഏകദേശം 17 അടിയോളം താഴ്ചയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനം ഇതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തെങ്കിലും കുട്ടിയെ ജീവനോടെ പുറത്ത് എത്തിക്കാൻ സാധിച്ചിരുന്നില്ല

കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി മറ്റൊരു കുഴി കുഴിക്കാനും ശ്രമങ്ങൾ നടന്നിരുന്നു.

ഭിക്ഷാപതി, സേവന ദമ്പതികളുടെ മകൻ സായിവർധനനാണ് മരിച്ചത്. അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തിൽ നടക്കുന്നതിനിടെയാണ് കുട്ടി പുതുതായി കുഴിച്ച കുഴൽക്കിണറിൽ വീണത്. കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ചയാണ് ഇവിടെ മൂന്ന് കുഴൽക്കിണറുകൾ കുഴിച്ചത്. എന്നാൽ മൂന്നെണ്ണത്തിലും വെള്ളം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നിട്ടും ഇത് മൂടാനുള്ള നടപടികൾ ആരും സ്വീകരിച്ചിരുന്നുമില്ല.

Share this story