ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിൽ തിരിച്ചെത്തിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിൽ തിരിച്ചെത്തിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ഇതര സംസ്ഥാന തൊഴിലാളികളെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. പതിനഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസ്സമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് റെയിൽവേ നൽകണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാ ദുരിതത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിറക്കും.

തൊഴിലാളികൾക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകളുടെ ആവശ്യം കുറഞ്ഞുവരികയാണെന്ന് ഇന്നലെ റെയിൽവേ അറിയിച്ചിരുന്നു. 4155 ട്രെയിനുകൾ ഇതുവരെ തൊഴിലാളികൾക്കായി ഓടിച്ചു. ഇതുവരെ 57 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചുവെന്നും റെയിൽവേ അറിയിച്ചു.

ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ബീഹാർ സംസ്ഥാനങ്ങളാണ് ഏറ്റവുമധികം ട്രെയിനുകൾ ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്നും 55 ട്രെയിനുകൾ ഇതുവരെ പോയി. ഒരാഴ്ച മുമ്പ് വരെ പ്രതിദിനം ഇരുന്നൂറിൽ കൂടുതൽ ട്രെയിനുകൾ ഓടിച്ചിരുന്നു. ഇപ്പോഴത് 30 മുതൽ 40 ട്രെയിനുകളായി കുറഞ്ഞുവെന്നും റെയിൽവേ അറിയിച്ചു.

അതേസമയം തൊഴിലാളികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്ന കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ശ്രമിക് ട്രെയിൻ ആവശ്യത്തിൽ കുറവുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്ക് തുക വഹിക്കാൻ താത്പര്യമില്ലാത്തതാണ് ആവശ്യം കുറയാൻ കാരണമായത്.

Share this story