വിദ്യാലയങ്ങൾ തുറക്കുന്നത് ഓഗസ്റ്റ് 15ന് ശേഷം; നിലപാട് വ്യക്തമാക്കി കേന്ദ്രം

വിദ്യാലയങ്ങൾ തുറക്കുന്നത് ഓഗസ്റ്റ് 15ന് ശേഷം; നിലപാട് വ്യക്തമാക്കി കേന്ദ്രം

രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങൾ അനുകൂലമാകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കിൽ ഓഗസ്റ്റിൽ തന്നെ സ്‌കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15ന് മുമ്പ് തന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജുലൈ ഒന്ന് മുതൽ 15 വരെ സിബിഎസ്ഇ പരീക്ഷകളും ജൂലൈ 1 മുതൽ 12 വരെ ഐസിഎസ്ഇ പരീക്ഷകളും നടക്കുമെന്നും മന്ത്രി അറിയിച്ചു

നിലവിൽ കേരളത്തിലുൾപ്പെടെ ഓൺലൈൻ വഴിയാണ് കുട്ടികൾക്ക് ക്ലാസുകൾ നടക്കുന്നത്. ജൂലൈ മുതൽ സ്‌കൂളുകൾ തുറന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ജൂലൈക്ക് ശേഷമേ കേന്ദ്രം ഇതേ കുറിച്ച് ആലോചിക്കുകയുള്ളുവെന്നാണ് കേന്ദ്രം ഇപ്പോൾ വ്യക്തമാക്കുന്നത്.

Share this story