കൊവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നും നാളെയും ചർച്ച നടത്തും

കൊവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നും നാളെയും ചർച്ച നടത്തും

രാജ്യത്ത് കൊവിഡ് കേസുകൾ അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. നാളെയും ചർച്ച നീണ്ടുനിൽക്കും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് യോഗം ആരംഭിക്കുന്നത്.

21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്‌ട്രേറ്റർമാർക്കുമാണ് ഇന്ന് സംസാരിക്കാൻ അവസരം. പഞ്ചാബ്, അസം മുഖ്യമന്ത്രിമാർക്ക് പിന്നാലെ മൂന്നാമതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. പ്രവാസികൾക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ് അടക്കം വിഷയങ്ങൾ കേരളം ഉന്നയിക്കും.

നാളെ മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് തുടങ്ങി കൂടുതൽ കൊവിഡ് കേസുകൾ ഉള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. അതേസമയം രാജ്യവ്യാപകമായി ലോക്ക് ഡൗൺ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.32 ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതാണ് കാണുന്നത്.

Share this story