കൊവിഡ് ഭീതി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രൗഢി കുറഞ്ഞേക്കും

കൊവിഡ് ഭീതി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രൗഢി കുറഞ്ഞേക്കും

രാജ്യത്ത് കൊവിഡ് മഹാമാരി അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കര്‍ശനമായി സാമൂഹ്യഅകലം പാലിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുകൊണ്ടായിരിക്കും ചെങ്കോട്ടയില്‍ ആഘോഷങ്ങള്‍ നടക്കുക. പരേഡിന് ശേഷം പതിവായി നടന്നുവരുന്ന കുട്ടികളുടേയും യുവാക്കളുടേയും സാംസ്‌ക്കാരിക പരിപാടികളും ഈ വര്‍ഷം നടക്കില്ല. സാമൂഹ്യ അകലം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി ദില്ലിയിലെ പൊലീസ്‌ ഉദ്യോഗസ്ഥരെ ചെങ്കോട്ടയില്‍ വിന്യസിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിവിഐപികളും കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിന് ശേഷമാകും സ്വാതന്ത്ര്യദിനാഘോഷളും പരേഡുകളും കാണാന്‍ പൊതുജനങ്ങളെ അനുവദിക്കുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത്തവണ സ്വാതന്ത്ര്യദിന പരേഡുകളിലും മാറ്റമുണ്ടായേക്കും.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ നടപടികള്‍ ചെങ്കോട്ടയില്‍ ആരംഭിച്ച് കഴിഞ്ഞതായി ദില്ലിയിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷ ഉറപ്പുവരുത്താനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ് ചെങ്കോട്ടയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ആഭ്യന്തരവകുപ്പില്‍ നിന്നുള്ള ഒരു ഉന്നതഉദ്യോഗസ്ഥന്‍  ചെങ്കോട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ 2000ല്‍ അധികം സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാകയുടെ മാതൃകയില്‍ വിന്യസിക്കുന്ന ആഘോഷപരിപാടിയും ഈ വര്‍ഷം പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടികള്‍ കാണുവാനായി പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്ന ചെങ്കോട്ടയിലെ വിശാലമായ രണ്ട് ഗ്രൗണ്ടുകളും ഈ വര്‍ഷം അടഞ്ഞുകിടക്കും.

Share this story