നിരോധിക്കപ്പെട്ട ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രം; മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകണം

നിരോധിക്കപ്പെട്ട ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രം; മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകണം

ടിക്ക്ടോക്ക് ഉൾപ്പെടെ നിരോധിക്കപ്പെട്ട ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രം. മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിരോധനം സ്ഥിരമാക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയമാണ് ആപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലായ് 22നു മുന്നോടിയായി പ്രതികരിക്കണമെന്നാണ് ആപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആപ്പുകളെപ്പറ്റി ഇൻ്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ആപ്പുകളെ സമീപിച്ചത്. ആപ്പുകളുടെ മറുപടി ലഭിച്ചു കഴിഞ്ഞ്, ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളുമായി താരതമ്യം ചെയ്ത് തീരുമാനം എടുക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.

കമ്പനിയുടെ കേന്ദ്രം, മാതൃ കമ്പനികളുടെ സ്വഭാവം. ഫണ്ടിംഗ്, ഡേറ്റ മാനേജ്മെൻ്റ്, സർവറുകൾ തുടങ്ങി സമഗ്രമായ ചോദ്യാവലിയാണ് നൽകിയിരിക്കുന്നത്. അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യാറുണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്
ഈ ഡേറ്റ ദുർവിനിയോഗം ചെയ്യാറുണ്ടോ എന്നും ചോദിച്ചിട്ടുണ്ട്.

ഈ വിഷയം കൈകാര്യം ചെയ്യാനായി രൂപീകരിച്ച പ്രത്യേക സംഘത്തിന് കമ്പനികളുടെ മറുപടി കൈമാറും. ആപ്പ് അധികൃതരുമായി നേരിട്ടുള്ള ഹിയറിങിനും സാധ്യതയുണ്ട്. കഴിഞ്ഞ ജൂലായിൽ ടിക്ക്‌ടോക്കും ഹെലോയും ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളോട്, ഇന്ത്യാവിരുദ്ധ കാര്യങ്ങൾക്കായി ആപ്പുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി 24 ചോദ്യങ്ങൾ കേന്ദ്രം ചോദിച്ചിരുന്നു.

കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

Share this story