രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ ശക്തിപ്രകടനം; 102 എംഎല്‍എമാര്‍ ഒപ്പം

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ ശക്തിപ്രകടനം; 102 എംഎല്‍എമാര്‍ ഒപ്പം

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തനിക്കൊപ്പമുള്ള 102 എംഎല്‍എമാരുമായി യോഗം ചേര്‍ന്ന് ഗെഹ്ലോട്ട് ശക്തിപ്രകടിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഗെഹ്ലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചു കൂട്ടിയത്.

അതേസമയം 30 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഗെഹ്ലോട്ടിന്റെ നീക്കത്തിലൂടെ വ്യക്തമാകുന്നത് സച്ചിനൊപ്പം പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമേയുള്ളുവെന്നാണ്. ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് എംഎല്‍എമാരെ വിളിച്ചു കൂട്ടി ഗെഹ്ലോട്ട് കരുത്ത് കാണിച്ചത്.

ആകെയുള്ള കോണ്‍ഗ്രസിന്റെ 107 എംഎല്‍എമാരില്‍ 102 പേരും യോഗത്തിനെത്തിയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സച്ചിന്‍ പൈലറ്റിനൊപ്പം അഞ്ച് പേര്‍ മാത്രമാണുള്ളത്. 200അംഗ സഭയില്‍ 101 പേരുടെ പിന്തുണയാണ് മന്ത്രിസഭ നിലനിര്‍ത്താന്‍ വേണ്ടത്.

സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും എപ്പോ വേണമെങ്കിലും തിരികെ വരാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം താന്‍ ബിജെപിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര്‌

Share this story