രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം; ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ 102 പേരുടെ പിന്തുണയുമായി ഗെലോട്ട്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം; ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ 102 പേരുടെ പിന്തുണയുമായി ഗെലോട്ട്

ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ രാജസ്ഥാനിലെ വിമത നീക്കത്തെ അതിജിവീക്കാന്‍ കഠിന പരിശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനില്‍ സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ നിമിഷവും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. രാജസ്ഥാന്‍ ഗവര്‍ണറെ നേരിട്ട് കണ്ട് തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്‍റെ പിന്തുണ അറിയിക്കുകയും ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയായിരുന്നു അശോക് ഗെലോട്ട് സര്‍ക്കാര്‍ ഭരണം തുടര്‍ന്നത്. കോണ്‍ഗ്രസിന് തനിച്ച് 107 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആറ് ബിഎസ്പി അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയായിരുന്നു കോണ്‍ഗ്രസ് അംഗബലം 101 ല്‍ നിന്നും 107 എത്തിയത്.

12 സ്വതന്ത്രരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും ആര്‍എല്‍ഡിയുടെ ഏക അംഗവും കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. രണ്ട് അംഗങ്ങളുള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു ചെയ്ത്. മറുവശത്ത് പ്രതിപക്ഷത്തിന് 76 അംങ്ങളാണ് ഉണ്ടായിരുന്നത്. (ബിജെപി 72, ആര്‍എല്‍പി 3, സ്വന്തന്തര്‍ 2).

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നത് തനിക്ക് 30 അംഗങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു. സര്‍ക്കാര്‍ പക്ഷത്തെ 124 ല്‍ നിന്ന് 30 അംഗങ്ങള്‍ പൈലറ്റിനൊപ്പം പോയാല്‍ സ്വാഭാവികമായും ഗെലോട്ട് സര്‍ക്കാര്‍ ന്യൂന പക്ഷമാവും. എന്നാല്‍ ചെറുകക്ഷികളേയം സ്വതന്ത്രരേയും ഒപ്പം നിര്‍ത്തിയ കോണ്‍ഗ്രസ് പൈലറ്റിന്‍റെ അംഗബലം 19 ല്‍ ഒതുക്കുകയായിരുന്നു.

ഇതോടെ കേവല ഭൂരിപക്ഷത്തിന് 101 അംഗങ്ങളുടെ പിന്തുണ വേണ്ട നിയമസഭയില്‍ കോണ്‍ഗ്രസിന് 102 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി. കൃത്യം ഒരു അംഗത്തിന്‍റെ ഭൂരിപക്ഷം. രാജ് ഭവനിലെത്തി തന്‍റെ സര്‍ക്കാറിന്‍റെ ഭൂരിപക്ഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിക്കുകയും ചെയ്തു. 102 എംഎല്‍എമാരുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെട്ടത്.

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും തന്നെ നേരില്‍ കണ്ട് പിന്തുണ അര്‍പ്പിക്കുകയായിരുന്നെന്ന് ഗെലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ വിമതനീക്കം ആരംഭിച്ചപ്പോള്‍ ഗെലോട്ടിനേയെ പൈലറ്റിനേയോ അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് എടുക്കരുതെന്നായിരുന്നു ബിടിപിയുടെ നിര്‍ദ്ദേശം.

എന്നാല്‍ പിന്നീട് ഇവര്‍ സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഞങ്ങള്‍ ആരേയും പിന്തുണയ്‌ക്കേണ്ട എന്ന് കരുതിയതായിരുന്നു. വിപ്പ് വരെ പുറപ്പെടുവിച്ചതാണെന്നും ബിടിപി നേതാവ് വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ചില ഉപാധികളുടെ അടിസ്ഥനത്തില്‍ ഞങ്ങള്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഒപ്പമണെന്നും ബിടിപി നേതാവ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാറിനെ താഴെയിറക്കാന‍് അനുവദിക്കില്ലെന്നും ഗെലോട്ടിന് പിന്തുണ നല്‍കുമെന്നും സിപിഎം എംഎല്‍എ ബല്‍വാന്‍ പൂനിയയും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ ഗെലോട്ട് സര്‍ക്കാരിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി നേതാവിന്‍റെതായി പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ തന്‍റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ നീക്കത്തിനിതെര പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരുന്നു.

അതിനിടെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മായാവതി നിസഹായയായ നേതാവാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഭയത്താലും സമ്മര്‍ദ്ദത്താലുമാണ് മായാവതിയില്‍ നിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത്. ഇതെല്ലാം ബിജെപിയെ സഹായിക്കുകയെ ഉള്ളെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച ഗെലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഫോണ്‍ ചോര്‍ത്തിയത് നിയമവിരുദ്ധമാണെന്നും മായാവതി ട്വീറ്ററില്‍ കുറിച്ചിരുന്നു.

Share this story