ഗെലോട്ട് വഞ്ചിച്ചു, എംഎല്‍എമാരെ തട്ടിയെടുത്തു; രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മായാവതി

ഗെലോട്ട് വഞ്ചിച്ചു, എംഎല്‍എമാരെ തട്ടിയെടുത്തു; രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മായാവതി

രാജസ്ഥാനില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി മായാവതി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിഎസ്പി വഞ്ചിച്ചതായി മായാവതി ആരോപിച്ചു. തങ്ങളുടെ എംഎല്‍എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. നേരത്തെ ബിഎസ്പിയുടെ ആറ് എംഎല്‍എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവര്‍ അശോക് ഗെലോട്ടിനെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ നേരത്തെ തന്നെ മായാവതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

ബിജെപി രാജസ്ഥാനില്‍ കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ഇതേ രീതിയാണ് രാജസ്ഥാനില്‍ പിന്തുടര്‍ന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. തന്റെ എംഎല്‍എമാരെ ഗെലോട്ട് കൂറുമാറ്റിയത് കുതിരക്കച്ചവടത്തിലൂടെയാണെന്ന് മായാവതി ആരോപിച്ചു. രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ഞെട്ടിപ്പിക്കുന്ന ആവശ്യവും മായാവതി ഉന്നയിച്ചു. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണം രാഷ്ട്രപതിയിലേക്ക് പോകണമെന്നും മായാവതി പറഞ്ഞു.

അശോക് ഗെലോട്ട് വലിയ കുറ്റകൃത്യമാണ് ചെയ്തത്. അദ്ദേഹം ഫോണ്‍ ചോര്‍ത്തിയത് ഗുരുതര കുറ്റമാണെന്ന് മായാവതി ആരോപിച്ചു. നേരത്തെ ബിജെപി നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയും തമ്മിലുള്ള സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ഭന്‍വര്‍ ലാലിനെതിരെ കേസെടുക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ ബിജെപിയും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന രീതിയിലാണ് മായാവതിയും ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. ഭന്‍വര്‍ ലാല്‍ ബിജെപിയുമായി ചേര്‍ന്ന് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
മുന്‍ രാജസ്ഥാന്‍ മന്ത്രി രമേശ് മീണയും ഗെലോട്ടിനെതിരെ രംഗത്തെത്തി. ബിഎസ്പി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ എത്ര പണമാണ് ഗെലോട്ട് നല്‍കിയതെന്നും മീണ ചോദിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആയിരുന്നു ബിഎസ്പി എംഎല്‍എമാരുടെ കൂറുമാറ്റം.

സച്ചിന്‍ പൈലറ്റ് ബിജെപിയുമായി കൂട്ടൂകൂടിയെന്നും കുതിരക്കച്ചവടത്തിന് ഒരുങ്ങുകയാണെന്നും ഗെലോട്ട് ആരോപിക്കുന്നു. ഇതിനുള്ള മറുപടിയാണ് പൈലറ്റ് പക്ഷത്തില്‍ നിന്ന് വന്നത്. രമേശ് മീണ നേരത്തെ ബിഎസ്പിയില്‍ നിന്ന് വന്ന നേതാവാണ്. ഇപ്പോള്‍ പൈലറ്റ് പക്ഷത്തിനൊപ്പമാണ് അദ്ദേഹം. അന്ന് ഞങ്ങള്‍ കൂറുമാറിയപ്പോള്‍ എത്ര പണമാണ് ഗെലോട്ട് തന്നതെന്ന് സത്യസന്ധമായി പറയണമെന്നും മീണ ആവശ്യപ്പെട്ടു.

Share this story