ബിജെപിയില്‍ ചേരാന്‍ 35 കോടി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ സച്ചിന്‍ പൈലറ്റിന്റെ പുതിയ നീക്കം

ബിജെപിയില്‍ ചേരാന്‍ 35 കോടി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ സച്ചിന്‍ പൈലറ്റിന്റെ പുതിയ നീക്കം

ജയ്പൂര്‍: ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തു എന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് രാജസ്ഥാന്‍ മുന്‍ പിസിസി പ്രസിഡന്റും കോണ്‍ഗ്രസ് വിമതനുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. കോണ്‍ഗ്രസില്‍ ചേരാന്‍ 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗക്കെതിരെയാണ് സച്ചിന്‍ പൈലറ്റിന്റെ വക്കീല്‍ നോട്ടീസ്. ഗിരിരാജ് സിംഗ് മലിംഗ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും വിദ്വേഷപരവുമാണ്. ഇതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സച്ചിന്‍ പൈലറ്റുമായി ബന്ധമുള്ളവര്‍ പറയുന്നു.

സച്ചിന്‍ പൈലറ്റ് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗ ആരോപിച്ചത്. 35 കോടിയാണ് വാഗ്ദാനം ചെയ്തതെന്ന് മലിംഗ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം വാങ്ങാന്‍ താന്‍ വിസമ്മതിച്ചെന്നും, വേണ്ടെന്ന് പറഞ്ഞെന്നും മലിംഗ പറഞ്ഞു. ബിജെപിയിലേക്ക് കൂറുമാറുന്നതിന് വേണ്ടിയാണ് ഇത്രയും വലിയ തുക സച്ചിന്‍ വാഗ്ദാനം ചെയ്തതെന്നും ഡിസംബറിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും മലിംഗ പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി സച്ചിന്‍ തന്നെ രംഗത്തെത്തിയിരുന്നു. കുതിരക്കച്ചവടത്തിന് ശ്രമിച്ചു എന്നുളള ആരോപണം വേദനിപ്പിക്കുന്നതാണ് എന്നും എന്നാല്‍ തനിക്ക് അത്ഭുതം ഇല്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്. തന്നെ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ താന്‍ ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക കൂടിയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യം എന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാന്‍ ഇനിയും ഇത്തരത്തിലുളള കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കപ്പെടും. എന്നാല്‍ താന്‍ തന്റെ നിലപാടുകളിലും വിശ്വാസത്തിലും ഉറച്ച് തന്നെ നില്‍ക്കും എന്നും പൈലറ്റ് പറഞ്ഞു.

അതേസമയം രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈ 24 വെള്ളിയാഴ്ച വരെ ഇവരെ അയോഗ്യരാക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അയോഗ്യതാ നോട്ടീസിനെതിരെ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി വെളളിയാഴ്ച പറയും. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്‍ദി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

Share this story