‘ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം’, ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍

‘ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം’, ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടിക്ക് ടോക്ക് അടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആപ്പുകള്‍ നിരോധിച്ചത്.

ഇതിന് പിന്നാലെ മറ്റ് ചൈനീസ് ഉത്പനങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാരും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടന്നിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ആഹ്വാനം നിലനില്‍ക്കുമ്പോഴും നടക്കാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണില്‍ ചൈനീസ് കമ്പനികളാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. പതിമൂന്നാമത് ഐപിഎല്‍ സീസണില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, പേയ്ടിഎം, ഡ്രീം 11 എന്നീ കമ്പനികളാണ് സ്‌പോണ്‍സര്‍മാര്‍. പഴയ സ്‌പോണ്‍സര്‍മാരെ തന്നെ നിലനിര്‍ത്താന്‍ ഞായറാഴ്ച ചേര്‍ന്ന ഐപിഎല്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബിസിസിഐയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിുക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. വിശദാംശങ്ങളിലേക്ക്…

പുതിയ ഐപിഎല്‍ സീസണില്‍ ചൈനീസ് കമ്പനികളുമായുള്ള ബന്ധം ബിസിസിഐക്ക് പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല. കമ്പനികളുമായി ഒപ്പിട്ട കരാറുകള്‍ തന്നെയാണ് പ്രധാന കാരണം. കൂടാതെ കൊറോണ വൈറസ് കാരണം ഞെരുക്കം അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുക എന്ന് പറയുന്നത് ബിസിസിഐക്ക് കനത്ത വെല്ലുവിളിയാണ്.

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായി ബിസിസിഐക്കുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്കാണ്. പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ വിവോ 2199 കോടി രൂപയാണ് കരാറിനായി മുടക്കിയത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക. യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബിസിസിഐക്ക് അനുമതി നല്‍കിയിരുന്നു.

അതിര്‍ത്തി പ്രശ്‌നത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കുമ്പോഴാണ് ചൈനീസ് മൊബൈല്‍ കമ്പനിയെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിക്കുന്നതെന്ന് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറായി വിവോ തന്നെ തുടരുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം.

ചൈനയുടെ സ്‌പോണ്‍സര്‍ഷിപ്പ്, പണം, നിക്ഷേപം എന്നിവയെ കൈകാര്യം ചെയ്യണമെന്നതില്‍ നമുക്ക് ആശയക്കുഴപ്പമുണ്ട്. ഇത് നിലനില്‍ക്കുന്നതുകൊണ്ടാണ് ചൈന ഇപ്പോഴും ഇന്ത്യയുടെ മേല്‍ ധാര്‍ഷ്ട്യം തുടരുന്നതെന്നും ഒമര്‍ അബ്്ദുള്ള പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ബഹിഷ്‌കരണത്തിന്റെ പേരില്‍ ചൈനീസ് നിര്‍മ്മിത ടിവികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെ എറിഞ്ഞ് ഉടച്ച വിഡ്ഢികളോട് എനിക്ക് ഇപ്പോള്‍ വിഷമം തോന്നുന്നുവെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു, ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും പരസ്യവും ഇല്ലാതെ നമ്മള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എല്ലായ്‌പ്പോഴും സംശയിക്കുന്നെന്നും ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി.

Share this story