ചൈന കടന്നുകയറിയെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രാലയം; പിന്നാലെ റിപ്പോർട്ട് നീക്കം ചെയ്തു

ചൈന കടന്നുകയറിയെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രാലയം; പിന്നാലെ റിപ്പോർട്ട് നീക്കം ചെയ്തു

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിൽ ചൈനീസ് സൈന്യം കടന്നുകയറിയെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇത് വാർത്തയായതോടെ റിപ്പോർട്ട് സൈറ്റിൽ നിന്നും നീക്കം ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് റിപ്പോർട്ട് അപ്രത്യക്ഷമായത്.

കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് സൈനികർ നുഴഞ്ഞുകയറിയെന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ചൈനയുമായുള്ള സംഘർഷം നീണ്ടുനിൽക്കാമെന്നും വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പറയുന്നു. മെയ് 17,18 തീയതികളിൽ കുഗ്രാങ് നള, ഗോഗ്ര, പാങ്ങോങ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് പക്ഷം അതിക്രമിച്ചു കയറിയെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന് ചോദിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കയ്യേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം. രാഹുലിന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് റിപ്പോർട്ട് വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്.

Share this story