ദേഹമാകെ ചെളി പുരട്ടുക, ശംഖ് ഊതുക, പച്ചില ജ്യൂസ് കുടിക്കുക, കോവിഡിനെ പ്രതിരോധിക്കാം: ബിജെപി എംപി

ദേഹമാകെ ചെളി പുരട്ടുക, ശംഖ് ഊതുക, പച്ചില ജ്യൂസ് കുടിക്കുക, കോവിഡിനെ പ്രതിരോധിക്കാം:  ബിജെപി എംപി

ജയ്പൂര്‍: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുന്ന സാഹചര്യത്തില്‍പോലും കോവിഡ് പ്രതിരോധം സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

ചാണകവും ഗോമൂത്രവും കൂടാതെ പ്രത്യേക പപ്പടവും കോവിഡിനെ പ്രതിരോധിക്കുമെന്ന വാദവുമായി BJP നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പപ്പടം എന്ന പേരില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ “ഭാഭിജി പപ്പട” വുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പുതിയ മാര്‍ഗ്ഗം ഉപദേശിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്
രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം.പി സുഖ്ബീര്‍സിംഗ് ജൗനാപുരിയാണ്.

അദ്ദേഹം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് കോവിഡ് പ്രതിരോധത്തിനുള്ള ” വിചിത്ര മാര്‍ഗ്ഗം” പറഞ്ഞുതരുന്നത്‌.

ദേഹമാകെ ചെളി പുരട്ടുക, ചെളിയില്‍ ഇരുന്നുകൊണ്ട് ശംഖ് ഊതുക ഇതാണ് മുഖ്യമായത്. ശംഖൂതി ചെളിയില്‍ ഇരിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് നേതാവ് പറയുന്നത്. ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും എംപി അവകാശപ്പെടുന്നു. മുന്‍പ് 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് ശംഖ് ഊതുന്നുണ്ടെന്നും ആദ്ദേഹം പറയുന്നു.

കൂടാതെ, ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസു൦ കുടിക്കണം. ഫലങ്ങളെക്കാള്‍ ഇത്തരം വൃക്ഷങ്ങളുടെ ഇലകള്‍ക്കാണ് പോഷകഗുണം കൂടുതല്‍ എന്നും എംപി അവകാശപ്പെടുന്നു. കൂടാതെ, കൂവളത്തിന്‍റെ ഇല, വെണ്ടയുടെ ഇല, മാവില തുടങ്ങിയവ പച്ചയ്ക്ക് അദ്ദേഹം കഴിയ്ക്കുന്നുമുണ്ട് .

കോവിഡിനെതിരെ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

Share this story