കോൺഗ്രസിലെ പൊട്ടിത്തെറിക്ക് കാരണമായ കത്തിന്റെ ഉറവിടം ശശി തരൂർ എന്ന് റിപ്പോർട്ട്

കോൺഗ്രസിലെ പൊട്ടിത്തെറിക്ക് കാരണമായ കത്തിന്റെ ഉറവിടം ശശി തരൂർ എന്ന് റിപ്പോർട്ട്

കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് മുതിർന്ന 23 നേതാക്കൾ സോണിയ ഗാന്ധിക്ക് നൽകിയ കത്തിന്റെ ഉറവിടം ശശി തരൂരിന്റെ വീട്ടിൽ നിന്നെന്ന് റിപ്പോർട്ട്. അഞ്ച് മാസങ്ങൾക്ക് മുമ്പ് ശശി തരൂർ ഒരുക്കിയ വിരുന്നിലാണ് കത്ത് രൂപപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.

പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളും നടന്നു. സോണിയ ഗാന്ധി രാജി വെക്കുമെന്ന് അറിയിക്കുകയും കത്തെഴുതിയ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെ കപിൽ സിബൽ രാഹുലിനെതിരെ ട്വീറ്റ് ചെയ്തു. ഗുലാം നബി ആസാദ് രാജി സന്നദ്ധത വ്യക്തമാക്കുകയുമുണ്ടായി

തരൂരിന്റെ വിരുന്നിൽ പങ്കെടുത്ത പല പ്രമുഖരും കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പി ചിദംബരം, കാർത്തിക് ചിദംബരം, സച്ചിൻ പൈലറ്റ്, മനു അഭിഷേക് സിംഗ്വി, മണിശങ്കർ അയ്യർ എന്നിവരാണ് കത്തിൽ ഒപ്പിടാത്ത നേതാക്കൾ. എന്നാൽ ഇവർ തരൂരിന്റെ വിരുന്നിൽ പങ്കെടുത്തിരുന്നു.

അതേസമയം കത്തിനെ സംബന്ധിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്നും പാർട്ടിയുടെ അടിസ്ഥാനമൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെ കുറിച്ച് വിരുന്നിൽ ചർച്ച നടന്നിരുന്നതായും മണിശങ്കർ അയ്യർ പറയുന്നു. രാഹുൽ ഗാന്ധിക്കെതിരായ നേതാക്കളുടെ യുദ്ധകാഹളമായാണ് കത്തിനെ വിലയിരുത്തുന്നത്.

Share this story