മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി (85)അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില അത്യാസന്ന നിലയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന അദ്ദേഹത്തെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തിയ അദ്ദേഹം കൊവിഡ് 19 പരിശോധനയിൽ പോസീറ്റീവ് ആ‍യിരുന്നു.

2019 ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചിരുന്നു. രാജ്യത്തിന് നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു ബഹുമതി നൽകിയത്. പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ 17 വരെയാണ് പദവി വഹിച്ചത്. നേരത്തേ വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനുമായിരുന്ന കമഡ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബർ 11-ന് പശ്ചിമബംഗാളിലെ ബീർഭും ജില്ലയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷുകാർ തടവിലാക്കിയ വ്യക്തിയാണ് കിങ്കർ മുഖർജി.

Share this story