ചന്ദ്രശേഖർ ആസാദ് ഹാത്രാസിലേക്ക്; കാർ പോലീസ് തടഞ്ഞതോടെ യാത്ര കാൽനടയായി

ചന്ദ്രശേഖർ ആസാദ് ഹാത്രാസിലേക്ക്; കാർ പോലീസ് തടഞ്ഞതോടെ യാത്ര കാൽനടയായി

ഉത്തർപ്രദേശിലെ ഹാത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് തടഞ്ഞു. ഹാത്രാസിൽ നിന്നും 20 കിലോ മീറ്റർ അകലെയാണ് ചന്ദ്രശേഖർ ആസാദിന്റെ കാർ തടഞ്ഞത്. ഇതേ തുടർന്ന് കാൽനട ആയാണ് ആസാദും അനുയായികളും ഹാത്രാസിലേക്ക് നീങ്ങുന്നത്.

നേരത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രെയിനേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. ഇന്നലെ രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കളെ പെൺകുട്ടിയുടെ വീട്ടിലേക്ക് കടത്തി വിടുകയും ചെയ്തു.

പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടർന്ന് അദ്ദേഹത്തെ പൊലീസ് വീട്ടുതടങ്കലിൽ വെച്ചു. എന്നാൽ ഇതിന് പിന്നാലെ വെള്ളിയാഴ്ച ഡൽഹി ജന്തർമന്ദറിൽ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

Share this story