അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്

അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്

ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങുകയും ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് ഇഡി പറയുന്നത്.

നിരവധി അക്കൗണ്ടുകളിൽ നിന്ന് അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

2015ൽ തുടങ്ങിയ ബി കാപിറ്റലും എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിനുവേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികൾ തുടങ്ങി മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.

കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ ഇഡി ചോദ്യം ചെയ്യും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ സ്രോതസ്സുകളെ കുറിച്ച് വിവരങ്ങൾ തേടും.

Share this story