കൊവിഡ് വാക്‌സിന്‍ ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിന്‍ ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കില്ല. വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കും ആധാര്‍ ഉപയോഗിക്കുമെങ്കിലും മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയായാലും മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണു വിവരം.

മുന്‍ഗണനാ വിഭാഗങ്ങളിലെ 30 കോടിയോളം പേര്‍ക്കാകും തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതു സൗജന്യമായിരിക്കും. ഒരു കോടിയോളം ആശാ വര്‍ക്കര്‍മാരും എം.ബി.ബി.എസ് വിദ്യാര്‍ഥികളും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് കോടിയിലേറെ ശുചീകരണത്തൊഴിലാളികള്‍, പൊലീസുകാര്‍, സായുധ സേനാംഗങ്ങള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ വൈറസ് മാരകമായേക്കാവുന്ന 26 കോടിയിലേറെ പേര്‍, 50 വയസ്സില്‍ താഴെയുള്ളവരില്‍ പ്രമേഹ, ഹൃദ്രോഗ ബാധിതരും മറ്റുമായ ഒരു കോടിയോളം പേര്‍ എന്നിവരാണു മുന്‍ഗണനാ പട്ടികയിലുള്ളത്. എല്ലാ സംസ്ഥാനങ്ങളോടും മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാനാകുമോയെന്ന് ലഭ്യമായ ശേഷമേ പറയാനാകൂ എന്നു കേന്ദ്ര വിദഗ്ധ സമിതി ചെയര്‍മാനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോള്‍ പറഞ്ഞു.

ഐ.സി.എം.ആര്‍ ഭാരത്, കാഡില എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ക്കും ഓക്‌സ്ഫഡ് വാക്‌സിനും പുറമേ മറ്റു രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഇന്ത്യയില്‍ പരീക്ഷണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Share this story