കോവിഡ് വ്യാപനം രൂക്ഷം; ഡൽഹി-മുംബയ് വ്യോമ, ട്രെയിൻ സർവീസുകൾ നിർത്തിവയ്‌ക്കാൻ ആലോചന

കോവിഡ് വ്യാപനം രൂക്ഷം; ഡൽഹി-മുംബയ് വ്യോമ, ട്രെയിൻ സർവീസുകൾ നിർത്തിവയ്‌ക്കാൻ ആലോചന

മുംബയ്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് മുംബയിലേക്കുളള വിമാന സർവീസുകൾ നിർത്തിവയ്‌ക്കാനാണ് മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇരുനഗരങ്ങൾക്കും ഇടയിലുളള ട്രെയിൻ സർവീസുകളും നിർത്തിവച്ചേക്കുമെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

എന്നാൽ അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഔദ്യോഗിക ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഒക്ടോബർ 28 മുതൽ ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അയ്യായിരത്തിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ നവംബർ 11ന് എണ്ണായിരത്തിന് മുകളിൽ കൊവിഡ് രോഗികളുണ്ടായിരുന്നു. ഇന്നലെ 7546 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 5.1 ലക്ഷം കടന്നിരിക്കുകയാണ്.

Share this story