‘നിവാർ ചുഴലിക്കാറ്റ്’ തീരത്തേക്ക് അടുക്കുന്നു; ചെമ്പരപ്പാക്കം തടാകം തുറന്നു

‘നിവാർ ചുഴലിക്കാറ്റ്’ തീരത്തേക്ക് അടുക്കുന്നു; ചെമ്പരപ്പാക്കം തടാകം തുറന്നു

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ നവംബർ 21ന് രൂപംകൊണ്ട ന്യൂനമർദ്ദം ‘നിവാർ’ ചുഴലിക്കാ‌റ്റായി തമിഴ്‌നാട് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിതീവ്ര ചുഴലിയായി നിവാർ മാറുമെന്നാണ് ഐ.എം.ഡിയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 120 മുതൽ 130 കിലോമീ‌റ്റർ വേഗതയിലാകും കാ‌റ്റ് വീശുക. ഓഖിയെക്കാൾ ശക്തമാകും നിവാർ എന്നാണ് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് അ‌ർത്ഥരാത്രിയോ നാളെ പുലർച്ചയോ ആകും ചുഴലി കരതൊടുക. തിരുവള‌ളൂർ ജില്ലയിലുള‌ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞതോടെ തുറന്നുവിട്ടിരിക്കുകയാണ്. ആയിരം ഘനയടി വെള‌ളമാണ് ഇതുവഴി തുറന്നുവിടുന്നത്. അഡയാർ നദിയിലേക്കാണ് വെള‌ളം ഒഴുക്കിവിടുക. 2015ൽ പ്രളയമുണ്ടായപ്പോഴാണ് മുൻപ് ചെമ്പരപ്പാക്കം തുറന്നത്. അന്ന് വെള‌ളം ഒഴുകിയെത്തിയ താഴ്‌ന്ന പ്രദേശങ്ങളാകെ മുങ്ങുകയുണ്ടായി. തടാകം തുറക്കുന്നത് പ്രമാണിച്ച് കാഞ്ചീപുരം ജില്ലയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 പ്രളയത്തിന് ഒരു കാരണമായി പറയുന്നത് ചെമ്പരപ്പാക്കം ഉൾപ്പടെ തടാകങ്ങൾ കൃത്യമായി തുറന്ന്‌വിടാത്തതാണെന്നാണ്.

തമിഴ്‌നാട്ടിന് പുറമേ പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. തമിഴ്‌നാട്, പുതുച്ചേരി, റായലസീമ, തെലങ്കാന മേഖലകളെ ചുഴലി ബാധിക്കും. തമിഴ്‌നാട്ടിൽ 20 സെന്റീമീ‌റ്റർ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പടെ 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. കടലൂർ ജില്ലയിൽ രണ്ടായിരത്തോളം പേരെ മാ‌റ്റിപ്പാർപ്പിച്ചിട്ടുണ്ട്. പൂണ്ടി, ചോളവാരം, റെഡ് ഹിൽസ് എന്നീ തടാകങ്ങളിലെയും ജലനിരപ്പ് നിരന്തരം സർക്കാർ നിരീക്ഷിക്കുകയാണ്.

Share this story