ആഞ്ഞടിച്ച് നിവാർ: തമിഴ്‌നാട്ടിൽ അഞ്ച് മരണം, കനത്ത നാശനഷ്ടം; പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടിലും വെള്ളം കയറി

ആഞ്ഞടിച്ച് നിവാർ: തമിഴ്‌നാട്ടിൽ അഞ്ച് മരണം, കനത്ത നാശനഷ്ടം; പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടിലും വെള്ളം കയറി

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത നാശം വിതച്ച നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. തമിഴ്‌നാട്ടിൽ അഞ്ച് പേർ ചുഴലിക്കാറ്റിൽ മരിച്ചു. കൃഷി വ്യാപകമായി നശിച്ചു. വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുത ബന്ധം താറുമാറായി. പൊതുഗതാഗതം സ്തംഭിച്ചു

മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ചുഴലികാറ്റിന്റെ തീവ്രത കുറഞ്ഞതോടെ നിർത്തിവെച്ച വിമാന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.

കടലൂർ, പുതുച്ചേരി തീരത്ത് 145 കിലോമീറ്റർ വേഗതയിലാണ് നിവാർ ആഞ്ഞടിച്ചത്. ആറ് മണിക്കൂറോളം നേരം കാറ്റ് ആഞ്ഞുവീശി. നാശനഷ്ടങ്ങളേറെയും തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശത്താണ്. ചെന്നൈ അടക്കമുള്ള നഗരങ്ങൾ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി

വ്യാഴാഴ്ച ഉച്ചയോടെ നിവാറിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി കുറഞ്ഞു. ഇതോടെയാണ് വിമാനത്താവളം തുറന്നത്. ചെന്നൈ മെട്രോ സർവീസും പുനരാരംഭിച്ചു.

Share this story