ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍

ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍

സാമ്പല്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. സംഭവത്തിന്റെ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

യു.പിയിലെ സമ്പല്‍ ജില്ലയിലെ ആശുപത്രിയിലാണ് വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറിയത്. ആശുപത്രി വരാന്തയില്‍ സ്‌ട്രെച്ചറില്‍ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതില്‍ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സാമ്പാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവുനായ ശല്യം ഉണ്ടെന്നുള്ളത് സത്യമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പഴിക്കുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കാതെ കുടുംബം നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കുമ്പോള്‍ സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ആശുപത്രിയിലെ ഡോക്ടര്‍ സുഷില്‍ വര്‍മ പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാര്‍ഡ് ബോയിയെയും സസ്‌പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും വീഴ്ച സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു. ജോലിഭാരം കൂടുതലായിരുന്നു. എന്നാലും ഇരുവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇവര്‍ക്കു പുറമേ എമര്‍ജന്‍സി ഡോക്ടറോടും ഫാര്‍മസിസ്റ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Share this story