കൊവിഡ് വാക്‌സിൻ ഇന്ന് കേരളത്തിലെത്തും; ആദ്യഘട്ടത്തിൽ എത്തുന്നത് 4.35 ലക്ഷം ഡോസുകൾ

കൊവിഡ് വാക്‌സിൻ ഇന്ന് കേരളത്തിലെത്തും; ആദ്യഘട്ടത്തിൽ എത്തുന്നത് 4.35 ലക്ഷം ഡോസുകൾ

കൊവിഡ് വാക്സിന്റെ ആദ്യ ലോഡ് ഇന്ന് കേരളത്തിലെത്തും. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്പാശ്ശേരിയിലും അടുത്ത വിമാനം വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും

കേരളത്തിൽ 4,35,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലാ കേന്ദ്രങ്ങളിൽ നിന്ന് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേ മേഖലാ സംഭരണ ശാലകളിലേക്കാണ് വാക്സിൻ എത്തിക്കുന്നത്

ഇവിടെ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കും കൊച്ചിയിൽ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്കും, കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിൻ എത്തിക്കും

എറണാകുളം ജില്ലയിൽ 12 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റ് ജില്ലകളിൽ 9 വീതവും വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്. ആകെ 133 കേന്ദ്രങ്ങളാണുള്ളത്. ഒരു ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്ക് വീതം വാക്സിൻ നൽകും

Share this story